ഫെയ്‌സ്ബുക്കിലെ ചതിക്കുഴികള്‍
ഫെയ്‌സ്ബുക്ക് ഒരു രാജ്യമായിരുന്നുവെങ്കില്‍ അംഗസംഖ്യ വെച്ച് ചൈനക്കും ഇന്ത്യക്കും പിറകില്‍ മൂന്നാമത്തെ രാജ്യമായി അത് അറിയപ്പെട്ടേനെ-ഫെയ്‌സ്ബുക്കിനെ 'ടൈം മാഗസിന്‍' ഉള്‍പ്പടെയുള്ള മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്. ലോകമൊട്ടാകെ ഏകദേശം 60 കോടിയോളം ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുണ്ട്. ഇതില്‍ 50 ശതമാനം പേരും ദിവസം ഒരു പ്രാവശ്യമെങ്കിലും ഫെയ്‌സ്ബുക്കില്‍ ലോഗിന്‍ ചെയ്യുന്നവരാണ്. ഫെയ്‌സ്ബുക്ക് അതിന്റെ സ്വരൂപം കാട്ടിത്തുടങ്ങിയതോടെ മറ്റു പല സൗഹൃദക്കൂട്ടായ്മകളും പിന്നിലായി. പ്രചാരത്തില്‍ ഗൂഗിളിനുപോലും ഭീഷണി സൃഷ്ടിച്ചുകൊണ്ടാണ് ഫെയ്‌സ്ബുക്കിന്റെ മുന്നേറ്റം. ഇന്ത്യയിലും സ്ഥിതി വ്യത്യസ്തമല്ല. ഇന്ത്യയില്‍ ഒന്നാമതായിരുന്ന ഗൂഗിളിന്റെ ഓര്‍ക്കുട്ടിനെ ചുരുങ്ങിയ കാലം കൊണ്ടുതന്നെ ഫെയ്‌സ്ബുക്ക് പിന്നിലാക്കിയിരിക്കുന്നു. പല സ്ഥാപനങ്ങളിലും ജോലി സമയത്ത് ഫെയ്‌സ്ബുക്ക് നിരോധിച്ചിരിക്കുകയാണ്.
ഫെയ്‌സ്ബുക്കിനൊപ്പം തന്നെ ഫെയ്‌സ്ബുക്ക് സൃഷ്ടിക്കുന്ന വിവാദങ്ങളും വളരുന്നു. വിവാദങ്ങളില്‍ പ്രധാനപ്പെട്ടതാണ് വ്യക്തികളുടെ സ്വകാര്യതാ സംരക്ഷണം. നിങ്ങള്‍ ഇന്റര്‍നെറ്റില്‍ പലയിടങ്ങളിലായി അറിഞ്ഞോ അറിയാതെയോ കൊടുത്തിട്ടുള്ള വിവരങ്ങള്‍ നിങ്ങള്‍ അറിയാതെ തന്നെ ക്രോഡീകരിച്ച് നിങ്ങളെക്കുറിച്ചുള്ള വളരെ വ്യക്തമായ ഒരു ചിത്രം തയ്യാറാക്കാന്‍ കഴിയും. അടുത്ത കാലത്ത് ഒരു വിദ്വാന്‍ ലക്ഷക്കണക്കിന് ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുടെ ഫോട്ടോകളും ഫോണ്‍ നമ്പറുകളും ഇമെയില്‍ വിലാസങ്ങളും മറ്റും ശേഖരിച്ച് അവയുടെ ഒരു വന്‍ശേഖരം ഉണ്ടാക്കി ഇന്റര്‍നെറ്റില്‍ പരസ്യപ്പെടുത്തിയത് ഓര്‍മ്മയില്ലേ. ടോറന്റുകളും മറ്റു ഫയല്‍ ഷെയറിംഗ് സൈറ്റുകളും വഴി അത് ഇപ്പോഴും ഇന്റര്‍നെറ്റില്‍ ആര്‍ക്കും ഡൗണ്‍ലോഡ് ചെയ്യാനാകും. ഇതില്‍ ആരെയാണ് കുറ്റപ്പെടുത്താനാവുക?
മറ്റുള്ളവരുടെ ക്ഷണം സ്വീകരിച്ചോ അല്ലെങ്കില്‍ സ്വന്തം ഇഷ്ടപ്രകാരമോ ഫെയ്‌സ്ബുക്ക്, ഓര്‍ക്കുട്ട് തുടങ്ങിയ സൗഹൃദക്കൂട്ടായ്മകളില്‍ തിടുക്കപ്പെട്ട് അംഗമാകുന്നവര്‍, തങ്ങളുടെ എന്തൊക്കെ വിവരങ്ങളാണ് ഇന്റര്‍നെറ്റിലൂടെ പരസ്യമാകുന്നത് എന്ന് ഓര്‍ക്കാറില്ല. ആരെങ്കിലും വീടിന്റെ മതിലിനു പുറത്തോ അല്ലെങ്കില്‍ പൊതു സ്ഥലങ്ങളിലോ സ്വന്തം വിലാസവും കുടുംബാംഗങ്ങളുടെ ഫോട്ടൊയും ഫോണ്‍നമ്പറും ഒക്കെ അടങ്ങിയ വലിയ ഫ്ലക്‌സ് ബോര്‍ഡുകള്‍ വയ്ക്കാറുണ്ടോ? അതിലും അപകടകരമാണ് സൗഹൃദക്കൂട്ടായ്മകളിലൂടെ സ്വകാര്യ വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നത്. ഫെയ്‌സ്ബുക്കിലെ സ്വകാര്യതാ ക്രമീകരണങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കാത്തതു കൊണ്ടുള്ള ഭീഷണികള്‍ വലുതാണ്.
'കയ്യില്‍ നിന്നു വിട്ട കല്ലും വായില്‍ നിന്നു വിട്ട വാക്കും ഫെയ്‌സ്ബുക്കിലിട്ട ഫോട്ടോയും ഒരിക്കലും തിരിച്ചെടുക്കാന്‍ കഴിയില്ല' എന്നതാണ് പുതുമൊഴി. അതിനാല്‍ ഫോട്ടോകള്‍ സൗഹൃദക്കൂട്ടായ്മകളില്‍ പരസ്യപ്പെടുത്തുംമുന്‍പ് വളരെ ശ്രദ്ധിക്കേണ്ടതാണ്. ഉയര്‍ന്ന നിലവാരമുള്ള ഫോട്ടോകളില്‍ ഫോട്ടോഷോപ്പ് തുടങ്ങിയ സോഫ്ട്‌വേറുകള്‍ ഉപയോഗിച്ച് കയ്യാങ്കളി നടത്തുവാന്‍ വളരെ എളുപ്പമാണ്. നിങ്ങളുടെ ഫോട്ടോകള്‍, സ്റ്റാറ്റസ് അപ്‌ഡേറ്റുകള്‍, ഇഷ്ടാനിഷ്ടങ്ങള്‍ തുടങ്ങിയവ ആരൊക്കെ കാണണം/കാണരുത് എന്ന് മുന്‍കൂട്ടി തീരുമാനിക്കുക. ഉദാഹരണമായി നിങ്ങളുടെ സ്ഥാപനത്തിലെ ഒരു ചടങ്ങിന്റെ ഫൊട്ടോകള്‍ ലോകം മുഴുവനും കാണണമെന്നു നിര്‍ബന്ധമുണ്ടോ? ചിലപ്പോള്‍ അത് നിങ്ങളുടെ സ്ഥാപനത്തിന്റെ സ്വകാര്യതയ്ക്കും താത്പര്യങ്ങള്‍ക്കും എതിരായെന്നു വരാം.
ഫെയ്‌സ്ബുക്ക് മറ്റു സൗഹൃദക്കൂട്ടായ്മകളെ അപേക്ഷിച്ച് ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്നു. പക്ഷേ മിക്കപ്പോഴും ധൃതി പിടിച്ചും മറ്റുള്ളവരുടെ ക്ഷണം സീകരിച്ചും ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ തുറക്കുന്നവര്‍ സാങ്കേതികപദങ്ങള്‍ വേണ്ട രീതിയില്‍ മനസ്സിലാകാത്തതു കൊണ്ടും പരിചയക്കുറവു കൊണ്ടും അലസതകൊണ്ടുമൊക്കെ സുരക്ഷാക്രമീകരണങ്ങള്‍ കാര്യമായി എടുക്കാറില്ല.
ഫെയ്‌സ്ബുക്കിലെ സ്വകാര്യതാ ക്രമീകരണങ്ങള്‍ വലിയ ആശയക്കുഴപ്പം ഉണ്ടാക്കാറുണ്ടെന്നതും ഒരു വസ്തുതയാണ്. മാത്രമല്ല ഫെയ്‌സ്ബുക്ക് മലയാളമടക്കം അനവധി ഭാഷകളില്‍ ലഭ്യമാണെങ്കിലും സ്വകാര്യതാ ക്രമീകരണങ്ങള്‍ പ്രതിപാദിക്കുന്ന ഭാഗം ഇനിയും പല ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടില്ല.
ഫെയ്‌സ്ബുക്കിന്റെ സ്വകാര്യതാ ക്രമീകരണങ്ങള്‍
ഫെയ്‌സ്ബുക്ക് അക്കൗണ്ട് തുറക്കുമ്പോള്‍ ആദ്യം ചെയ്യേണ്ടതും എന്നാല്‍ പലരും ഒരിക്കല്‍ പോലും പരിശോധിക്കാത്തതുമായ പ്രധാനപ്പെട്ട ഒരു ഭാഗമാണിത്. അക്കൗണ്ട് തുറക്കുമ്പോള്‍ ഉള്ള ഡീഫോള്‍ട്ട് സെറ്റിംഗുകള്‍ പലപ്പോഴും വ്യക്തി താത്പര്യങ്ങള്‍ക്കു നിരക്കുന്നതാവാറില്ല. അതിനാല്‍ ഫെയ്‌സ്ബുക്കിലെ സ്വകാര്യതാ ക്രമീകരണങ്ങള്‍ വിശദമായി അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.
ഫെയ്‌സ്ബുക്കില്‍ സ്വകാര്യമാക്കി വയ്ക്കാന്‍ പറ്റാത്തതെന്തൊക്കെ?
പ്രൈവസി സെറ്റിംഗുകള്‍ മുഖേന നിങ്ങള്‍ക്ക് എല്ലാ കാര്യങ്ങളും സ്വകാര്യമാക്കി വയ്ക്കാനാകില്ല. അത്തരത്തിലുള്ള അഞ്ചു കാര്യങ്ങളാണ് ഉള്ളത്
1. നിങ്ങളുടെ പ്രൊഫൈല്‍ ചിത്രം
2. പേര്
3. ലിഗം
4. യൂസര്‍ നേം
5. നെറ്റ്‌വര്‍ക്ക്
ഒരു സൗഹൃദക്കൂട്ടായ്മയെ സംബന്ധിച്ചിടത്തോളം ഇത്രയും കാര്യങ്ങള്‍ അടിസ്ഥാനപരമായി അത്യാവശ്യമാണ്. അതായത് ഫെയ്‌സ്ബുക്ക് അക്കൗണ്ടുള്ള ഏതൊരാളുടേയും ഇത്രയും വിവരങ്ങള്‍ ഏത് ഉപഭോക്താവിനും കാണാന്‍ കഴിയും. ഇതില്‍ യാതൊരു നിയന്ത്രണങ്ങളും സാധ്യമല്ല.
ഈ പേജില്‍ (http://www.facebook.com/#!/settings/?tab=privacy) പോയി നിങ്ങളുടെ എല്ലാ പ്രൈവസി സെറ്റിംഗുകളും പരിശോധിക്കാനും വേണ്ട രീതിയില്‍ നിയന്ത്രിക്കാനുമാകും.
ഇതില്‍ പ്രധാനമായും അഞ്ചു ഭാഗങ്ങള്‍ ആണുള്ളത്.
1. connecting on Facebookഇതില്‍ ആദ്യത്തേത് നിങ്ങളെക്കുറിച്ചുള്ള എന്തൊക്കെ വിവരങ്ങള്‍ സുഹൃത്തുക്കളും മറ്റ് ഫെയ്‌സ്ബുക്ക് ഉപയോക്താക്കളും കാണണം എന്ന് തീരുമാനിക്കാനുള്ളതാണ്. ഇതിലെ connecting on Facebook എന്ന മെനുവിലെ' view settings' എന്ന ലിങ്കില്‍ അമര്‍ത്തിയാല്‍ താഴെക്കൊടുത്തിട്ടുള്ളതുപോലെയു ള്ള ഒരു പേജ് തുറക്കും.
ഈ പേജില്‍ നിങ്ങളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനായി ഏഴു പ്രധാന ഭാഗങ്ങള്‍ ഉണ്ട്.
1. ഇതിലെ ആദ്യ സെറ്റിംഗ് ഫെയ്‌സ്ബുക്കിലെ തിരച്ചില്‍ പേജുകളില്‍ നിങ്ങളുടെ സാന്നിധ്യം നിയന്ത്രിക്കുവാന്‍ ഉദ്ദേശിച്ചുള്ളതാണ്. അതായത് ഈ സെറ്റിംഗ് 'Everyone' എന്നു ക്രമീകരിച്ചാല്‍ ഫെയ്‌സ്ബുക്കിലെ ആര്‍ക്കും നിങ്ങളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് തിരഞ്ഞു കണ്ടുപിടിക്കാന്‍ കഴിയും. ഇതിലെ മറ്റു രണ്ടു സെറ്റിംഗുകളായ 'Friends' , 'Friends of Friends' എന്നിവയാണെങ്കില്‍ മറ്റു ഫെയ്‌സ്ബുക്ക് ഉപയോക്താക്കള്‍ക്ക് ഫെയ്‌സ്ബുക്കിലെ തിരയല്‍ സൗകര്യം ഉപയോഗിച്ച് നിങ്ങളില്‍ എത്താനാകില്ല.
2. രണ്ടാമത്തേത് നിങ്ങള്‍ ആരില്‍ നിന്നൊക്കെ സൗഹൃദത്തിനായുള്ള അപേക്ഷകള്‍ സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നു എന്ന് തീരുമാനിക്കാനുള്ളതാണ്. ഇതില്‍ എല്ലാവരില്‍ നിന്നും, സുഹൃത്തുക്കളുടെ സുഹൃത്തുക്കളില്‍ നിന്നും എന്നിങ്ങനെ രണ്ട് ഒപ്ഷനുകളാണ് ഉള്ളത്. തികച്ചും അപരിചിതരില്‍ നിന്നും നിങ്ങള്‍ സൗഹൃദത്തിനായുള്ള അപേക്ഷകള്‍ സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ 'Friends of Friends' എന്ന ഒപ്ഷന്‍ തെരഞ്ഞെടുക്കുക.
3. അപരിചിതരില്‍ നിന്നും നിങ്ങള്‍ സന്ദേശങ്ങള്‍ സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നില്ലേ? ഈ സെറ്റിംഗ് അതിനുള്ളതാണ്. ഇതിലൂടെ നിങ്ങള്‍ക്ക് ആരില്‍ നിന്നൊക്കെ സ്വകാര്യ സന്ദേശങ്ങള്‍ സ്വീകരിക്കണം എന്ന് തീരുമാനിക്കാന്‍ ആകും.
4. നിങ്ങളുടെ ഫെയ്‌സ്ബുക്ക് സുഹൃത്‌വലയം, വിദ്യാഭാസ യോഗ്യത, തൊഴില്‍, സ്ഥലം, ഇഷ്ടാനിഷ്ടങ്ങള്‍ മുതലായവ ആര്‍ക്കൊക്കെ ദൃശ്യമാകണം എന്നു തീരുമാനിക്കാനുള്ളതാണ് അടുത്ത മൂന്നു ക്രമീകരണങ്ങള്‍. ഇതില്‍ മുന്‍ പറഞ്ഞതില്‍ കൂടാതെ 'Customize' എന്ന ഓപ്ഷന്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് ഫെയ്‌സ്ബുക്ക് സുഹൃത്‌വലയത്തിലുള്ള തെരഞ്ഞെടുത്ത സുഹൃത്തുക്കള്‍ക്കു മാത്രം പ്രസ്തുത വിവരങ്ങള്‍ ദൃശ്യമാക്കാന്‍ കഴിയുന്നു.
2. Sharing on Facebookഇത് നിങ്ങളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് പ്രൈവസി സെറ്റിംഗുകളുടെ ഒറ്റ നോട്ടത്തിലുള്ള ഒരു ദൃശ്യമാണ്. നിങ്ങളുടെ സ്വകാര്യത ഏതു വിധത്തിലാണ് നിര്വ്വചിക്കപ്പെട്ടിരിക്കുന് നതെന്ന് ഇതിലൂടെ മനസ്സിലാക്കാന്‍ കഴിയും. ഉദാഹരണമായി നിങ്ങള്‍ ഫെയ്‌സ്ബുക്കില്‍ ഒരു ഫൊട്ടോ ഇട്ടു. അത് ആരൊക്കെ കാണണം, ആര്‍ക്കൊക്കെ അതില്‍ അഭിപ്രായം പറയാം, നിങ്ങളുടെ ഫെയ്‌സ്ബുക്ക് ചുവരില്‍ ആര്‍ക്കൊക്കെ എഴുതാം, നിങ്ങള്‍ ഇഷ്ടപ്പെടുന്ന കാര്യങ്ങള്‍ ആര്‍ക്കൊക്കെ കാണാം തുടങ്ങിയ വിവരങ്ങള്‍ ഇതിലൂടെ ഒറ്റനോട്ടത്തില്‍ മനസ്സിലാക്കാം.
ഫേസ്ബുക്കിലെ പ്രൈവസി ലെവലുകള്‍
ഫേസ്ബുക്കില്‍ താഴെപ്പറയുന്ന പ്രൈവസി ലെവലുകള്‍ ആണുള്ളത്
1. എല്ലാവരും
2. സുഹൃത്തുക്കള്‍
3. സുഹൃത്തുക്കളുടെ സുഹൃത്തുക്കള്‍
4. തെരഞ്ഞെടുത്ത സുഹൃത്തുക്കള്‍
5. നിങ്ങള്‍ മാത്രം
അതായത്, നിങ്ങളെ സംബന്ധിക്കുന്ന വിവരങ്ങളും നിങ്ങള്‍ക്കിഷ്ടമുള്ള കാര്യങ്ങളും നിങ്ങള്‍ പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്ന വിവരങ്ങളും സംവദിക്കാനുള്ള വിവരങ്ങളും ആരുമായൊക്കെ പങ്കുവക്കണം അഥവാ മറ്റാര്‍ക്കൊക്കെ ദൃശ്യമാകണം എന്നൊക്കെ ഈ പ്രൈവസി ലെവലുകളിലൂടെ നിശ്ചയിക്കാന്‍ കഴിയും.
പേജിന്റെ അടിയിലായുള്ള 'Customize settings' എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് നിങ്ങളുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട മേല്‍പ്പറഞ്ഞ എല്ലാ വിവരങ്ങളും ഫലപ്രദമായി നിയന്ത്രിക്കാന്‍ കഴിയും.
ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഒരു കണ്ണാടിയിലൂടെ
'Preview My Profile' എന്ന ബട്ടനില്‍ അമര്‍ത്തിയാല്‍ നിങ്ങളുടെ ഫെയ്‌സ്ബുക്ക് പേജ് മറ്റുള്ളവര്‍ക്ക് എങ്ങിനെ ദൃശ്യമാകുന്നു എന്ന് കാണാന്‍ കഴിയും. മാത്രമല്ല ഒരു പ്രത്യേക സുഹൃത്ത് തന്റെ ഫെയ്‌സ്ബുക്ക് പേജ് എങ്ങിനെ കാണുന്നു എന്ന് അറിയാനുള്ള സൗകര്യവും ഈ പേജ് നല്‍കുന്നു. ഈ പേജിനെ 'ഫെയ്‌സ്ബുക്ക് അക്കൗണ്ടിന്റെ കണ്ണാടി' എന്നു വേണമെങ്കില്‍ വിശേഷിപ്പിക്കാം. ദൗര്‍ഭാഗ്യവശാല്‍ പല ഫെയ്‌സ്ബുക്ക് ഉപയോക്താക്കളും ഒരിക്കല്‍ പോലും ഈ സൗകര്യം ഉപയോഗിക്കാറില്ല എന്നതാണ് വസ്തുത.
അനാവശ്യ അപ്ലിക്കേഷനുകള്‍ എങ്ങിനെ നിയന്ത്രിക്കാം
ഫെയ്‌സ്ബുക്കിനോടൊപ്പം തന്നെ ഫെയ്‌സ്ബുക്ക് അടിസ്ഥാനമാക്കിയുള്ള മറ്റു പല ഓണ്‍ലൈന്‍ ബിസിനസുകളും വളരുന്നു. പ്രത്യേകിച്ച് ഫെയ്‌സ്ബുക്ക് അപ്ലിക്കേഷനുകള്‍. ഇത്തരത്തിലുള്ള പല ഫെയ്‌സ്ബുക്ക് അപ്ലിക്കേഷനുകളും സ്ഥാപിത താത്പര്യങ്ങളോടു കൂടിയവയും സ്വകാര്യതയ്ക്ക് ഭീഷണിയായവയും ആണ്.
പലപ്പോഴും സ്വന്തം ഫെയ്‌സ്ബുക്ക് ചുവരില്‍ നിങ്ങള്‍ ആഗ്രഹിക്കാത്ത പല അപ്‌ഡേറ്റുകളും പോസ്റ്റുകളും വരാറില്ലേ? നിങ്ങള്‍ മനപ്പൂര്‍വ്വമോ അല്ലാതെയോ ഫെയ്‌സ്ബുക്ക് അക്കൗണ്ടുമായി കൂട്ടിച്ചേര്‍ത്തിട്ടുള്ള അപ്ലിക്കേഷനുകളുടെ പണിയായിരിക്കാം അത്.
മിക്കവാറും എല്ലാ സൈറ്റുകളിലും മറ്റു സൗഹൃദക്കൂട്ടായ്മകളിലും അംഗമാകുന്നതിലേക്കായി നിങ്ങളെക്കുറിച്ചുള്ള പ്രാഥമിക വിവരങ്ങളും താത്പര്യങ്ങളും ഇമെയില്‍ വിലാസങ്ങളും ഒക്കെ അടങ്ങിയ ഒരു ഫോറം പൂരിപ്പിക്കേണ്ടി വരും. എന്നാല്‍, ഇപ്പോള്‍ മിക്കവാറും പല സൈറ്റുകളിലും കാണാറില്ലേ, 'Sign in with your Facebook account' എന്ന്. ഇതുപ്രകാരം ഒരു ബട്ടന്‍ അമര്‍ത്തി അക്കൗണ്ട് തുറക്കാം. 'ഈ അപ്ലിക്കേഷന്‍ നിങ്ങളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ നിന്നും ചില സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കാനാഗ്രഹിക്കുന്നു' എന്നിങ്ങനെയുള്ള മുന്നറിയിപ്പൊക്കെ കാണാം. മിക്കവരും അതൊക്കെ അവഗണിക്കുകയാണ് പതിവ്.
ഇത്തരത്തില്‍ ഫെയ്‌സ്ബുക്ക് അപ്ലിക്കേഷനുകള്‍ ഉപയോഗിച്ച് രജിസ്‌ട്രേഷന്‍ പ്രക്രിയ എളുപ്പമാക്കുന്നതിലൂടെ പ്രസ്തുത സൈറ്റിന് രണ്ടു നേട്ടങ്ങള്‍ ആണ് ഉണ്ടാവുന്നത്. ഒന്ന് നിങ്ങളെക്കുറിച്ചുള്ള വളരെ കൃത്യമായ വിവരങ്ങള്‍ ലഭിക്കുന്നു. രണ്ട് നിങ്ങളുടെ സുഹൃത്‌വലയത്തിന്റെ ഭാഗമായി തങ്ങളുടെ ബിസിനസിന് കൂടുതല്‍ പ്രചാരം നല്‍കാന്‍ കഴിയുന്നു. എല്ലാ സൈറ്റുകളും ഈ സൗകര്യം ഒരേപോലെ അല്ല ഉപയോഗിക്കുന്നത്. ചില അപ്ലിക്കേഷനുകള്‍ നിങ്ങളെക്കുറിച്ചുള്ള പ്രാഥമിക വിവരങ്ങള്‍ മാത്രം ശേഖരിച്ച് നിശബ്ദമായിരിക്കുമ്പോള്‍ മറ്റു ചിലവ അടിക്കടിയുള്ള അപ്‌ഡേറ്റുകളും പരസ്യങ്ങളും കൊണ്ട് ഉപയോക്താക്കളുടെ ഫെയ്‌സ്ബുക്ക് ചുവരുകള്‍ നിറയ്ക്കുന്നു.
അനാവശ്യ (സ്പാം) അപ്ലിക്കേഷനുകള്‍
ഈ അടുത്തകാലത്തായി പലരുടേയും ഫെയ്‌സ്ബുക്ക് ചുമരില്‍ സുഹൃത്തുക്കളില്‍ നിന്നായി'My total facebook views are 4325 Find out your total profile views @ http://bit.ly/im9StZ ' എന്നിങ്ങനെയുള്ള ചില സന്ദേശങ്ങള്‍ ലഭിച്ചിരുന്നു. അതില്‍ കൊടുത്തിട്ടുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഒരു വിന്‍ഡോ തുറക്കുകയും ഒരു അപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുവാനുള്ള അനുവാദം ചോദിക്കുകയും ചെയ്യുന്നു. അതിലൂടെ ഈ സൈറ്റില്‍ നിന്നും അപകടകരമായേക്കാവുന്ന ദുഷ്ടപ്രോഗ്രാമുകള്‍ നിങ്ങളുടെ കമ്പ്യൂട്ടറിലേക്ക് നിക്ഷേപിക്കപ്പെടുന്നു. മാത്രമല്ല ഫെയ്‌സ്ബുക്കിലെ സ്വകാര്യ വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ അനുവാദം നല്‍കുക വഴി പ്രസ്തുത സന്ദേശം നിങ്ങളുടെ ന്യൂസ്ഫീഡ് ആയി മറ്റു സുഹൃത്തുക്കളിലേക്കുകൂടി വ്യാപിക്കുകയും ചെയ്യുന്നു.
നിങ്ങളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ അറിഞ്ഞോ അറിയാതെയോ കടന്നു കൂടിയിട്ടുള്ള അപ്ലിക്കേഷനുകളെ കണ്ടെത്താനും അവയെ നിയന്ത്രിക്കുവാനോ നീക്കം ചെയ്യുവാനോ വളരെ എളുപ്പം സാധിക്കും.
പ്രൈവസി സെറ്റിംഗ് പേജിലെ ഇടത്തേ മൂലയില്‍ ഉള്ള 'Apps and websitse' എന്നതിനു ചുവടെയുള്ള 'Edit Your settings' എന്ന ലിങ്കില്‍ അമര്‍ത്തുക അപ്പോള്‍ ചുവടെ കൊടുത്തിട്ടുള്ളതുപോലെയുള്ള ഒരു പേജ് ലഭിക്കുന്നു.
ഇതില്‍ നിങ്ങളുടെ അക്കൗണ്ടില്‍ ചേര്‍ക്കപ്പെട്ടിരിക്കുന്ന അപ്ലിക്കേഷനുകളുടെ പട്ടിക ദൃശ്യമാകുന്നു. ഇതില്‍ 'Applications You use' എന്നതിനു നേരേയുള്ള 'Edit Settings'എന്ന ലിങ്കില്‍ അമര്‍ത്തിയാല്‍ ലഭിക്കുന്ന പേജിലൂടെ നിങ്ങളുടെ അക്കൗണ്ടിലുള്ള ഓരോ അപ്ലിക്കേഷനുകളും എന്തൊക്കെ സ്വകാര്യ വിവരങ്ങള്‍ ആണ് ശേഖരിക്കുന്നതെന്നും അവയ്ക്ക് എന്തൊക്കെ അവകാശങ്ങള്‍ ആണ് ഉള്ളതെന്നും അറിയാനാകുന്നു. അഭികാമ്യമല്ലാത്ത അപ്ലിക്കേഷനുകളെ നീക്കം ചെയ്യാവുന്നതാണ്.
അപ്ലിക്കേഷന്‍ കണ്‍ട്രോള്‍ പേജിലെ മറ്റു ക്രമീകരണങ്ങളിലൂടെ നിങ്ങളുടെ സുഹൃത്ത് ഒരു അപ്ലിക്കേഷന്‍ സ്വന്തം അക്കൗണ്ടിലേക്കു ചേര്‍ക്കുമ്പോള്‍ ആ അപ്ലിക്കേഷന് നിങ്ങളെക്കുറിച്ചുള്ള എന്തൊക്കെ വിവരങ്ങള്‍ ലഭ്യമാക്കണം എന്നു കൂടി നിശ്ചയിക്കാനാകും. ഇതിനായി 'Information accessible through your Frineds' എന്നതിനു നേരേയുള്ള എഡിറ്റ് ബട്ടണ്‍ അമര്‍ത്തുക. തുടര്‍ന്ന് ലഭിക്കുന്ന പോപ് അപ് വിന്‍ഡോവില്‍ക്കൂടി സുഹൃത്തുക്കളുടെ അപ്ലിക്കേഷനുകള്‍ക്ക് നിങ്ങളുടേതായി ലഭിക്കുന്ന വിവരങ്ങള്‍ നിയന്ത്രിക്കാനാകും.
ഇതില്‍ നിങ്ങളുടെ പേര്, പ്രൊഫൈല്‍ ചിത്രം, ലിംഗം, യൂസര്‍ ഐഡി, നെറ്റ്‌വര്‍ക്ക് തുടങ്ങിയ പ്രാഥമിക വിവരങ്ങള്‍ മറയ്ക്കാനാകില്ല. (ഇതിനായി അപ്ലിക്കേഷന്‍ കണ്‍ട്രോള്‍ പേജിലെ 'Turn off all Platform applications' എന്ന ലിങ്കില്‍ അമര്‍ത്തുക).
നിങ്ങള്‍ ഫെസ്ബുക്കില്‍ കളിക്കുന്ന ഫാംവില്ലി, മാഫിയാ വാര്‍ തുടങ്ങിയ കളികളുടെ വിവരങ്ങള്‍ ലോകത്തെ മുഴുവന്‍ അറിയിക്കണം എന്നുണ്ടോ. പലപ്പോഴും ഇത്തരം അപ്‌ഡേറ്റുകള്‍ സുഹൃത്തുക്കള്‍ക്ക് അരോചകമായിത്തോന്നാം. 'Game and Application Activtiy' എന്നതിനു നേരെയുള്ള ബട്ടനില്‍ അമര്‍ത്തി ഇതിനെ ഫലപ്രദമായി നിയന്ത്രിക്കാം. ഇതിലെ 'Custom' എന്ന ഓപ്ഷന്‍ ഉപയോഗിച്ച് ഒന്നുകില്‍ അപ്‌ഡേറ്റുകള്‍ നിങ്ങള്‍ക്ക് മാത്രമായോ അല്ലെങ്കില്‍ കളികളോട് താത്പര്യമുള്ള തിരഞ്ഞെടുത്ത സുഹൃത്തുക്കളിലേക്കു മാത്രമായോ ക്രമിക്കരിക്കുന്നതായിരിക്കും കൂടുതല്‍ അഭികാമ്യം.
നിങ്ങളുടെ ഫെയ്‌സ്ബുക്ക് സാന്നിധ്യം ഗൂഗിളില്‍
ഒരാളുടെ ഫെയ്‌സ്ബുക്ക് സാന്നിധ്യം ഗൂഗിളിലൂടെ പരിശോധിക്കാന്‍ വളരെ എളുപ്പമാണ്. ഗൂഗിള്‍ സേര്‍ച്ച് ബോക്‌സില്‍ ആളുടെ പേരും ഫെയ്‌സ്ബുക്ക് എന്നും ചേര്‍ത്ത് തെരഞ്ഞാല്‍ മതി. ഇത്തരത്തില്‍ സേര്‍ച്ച് എഞ്ചിന്‍ പേജുകളില്‍ നിന്നും നിങ്ങളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിനെ അകറ്റി നിര്‍ത്തണം എന്ന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അപ്ലിക്കേഷന്‍ കണ്‍ട്രോള്‍ പേജിലെ 'Public Search' നു നേരേയുള്ള എഡിറ്റ് ബട്ടണില്‍ അമര്‍ത്തുക. അപ്പോള്‍ ലഭിക്കുന്ന പേജിലെ 'Enable Public Search' എന്നതിനെ ഒഴിവാക്കുക. പുതിയ ഫെയ്‌സ്ബുക്ക് അക്കൗണ്ട് തുറക്കുമ്പോള്‍ സ്വാഭാവികമായും ഈ ഓപ്ഷന്‍ എനേബിള്‍ ആയിരിക്കും (ഫെയ്‌സ്ബുക്കിന് നിങ്ങളെ ലോകത്തിനുമുന്നില്‍ പരിചയപ്പെടുത്താനാണ് താത്പര്യം)
ഒരു പ്രത്യേക ഫെയ്‌സ്ബുക്ക് ഉപയോക്താവിനെ നിങ്ങളുടെ അക്കൗണ്ടില്‍ നിന്നും വിലക്കുന്നതെങ്ങിനെ
നിങ്ങളുടെ ഏതെങ്കിലും സുഹൃത്ത് സഭ്യമല്ലാത്ത അപ്‌ഡേറ്റുകള്‍ കൊണ്ട് നിങ്ങളുടെ ഫെയ്‌സ്ബുക്ക് ചുവരുകള്‍ വൃത്തികേടാക്കാറുണ്ടോ? അതുമല്ലെങ്കില്‍ ഒരു സുഹൃത്തിന്റെ കളികളിലേക്കും അപ്ലിക്കേഷനുകളിലേക്കും ചടങ്ങുകളിലേക്കും മറ്റുമുള്ള ക്ഷണങ്ങള്‍ സ്വീകരിക്കാന്‍ താത്പര്യമില്ലേ? ഇതിനായി പ്രൈവസി സെറ്റിംഗ്‌സ് പേജിലെ 'Block Lists'എന്ന ലിങ്കില്‍ അമര്‍ത്തുക അപ്പോള്‍ ലഭിക്കുന്ന പേജിലെ ക്രമീകരണങ്ങളിലൂടെ ഒന്നോ അതിലധികമോ പേരെ നിങ്ങളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ നിന്നും നീക്കം ചെയ്യാനും നിയന്ത്രിക്കാനുമാകും.
ഫെയ്‌സ്ബുക്ക് അക്കൗണ്ട് സുരക്ഷ
പലരും ഉപയോഗിക്കാത്തതും എന്നാല്‍ വളരെ ഫലപ്രദവും ആയ ഒരു സുരക്ഷാ മുന്‍കരുതല്‍ ആണിത്. ഹാക്കിംഗിലൂടെയും മറ്റും നിങ്ങളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് മറ്റുള്ളവര്‍ ഉപയോഗിക്കുന്നത് ഇതിലൂടെ തിരിച്ചറിയാന്‍ കഴിയുന്നു. നിങ്ങളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ ലോഗിന്‍ ചെയ്തതിനു ശേഷം Facebook Account Settings പേജിലെ 'Account Securtiy' എന്നതിനു നേരെയുള്ള ' Change' എന്ന ലിങ്കില്‍ അമര്‍ത്തുക. അപ്പോള്‍ ലഭിക്കുന്ന 'When a new computer or mobile device logs into this account: Send me an email' എന്ന ഓപ്ഷന്‍ സെറ്റ് ചെയ്യുക. ഇതിലൂടെ നിങ്ങളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഏതൊരു കമ്പ്യൂട്ടറിലൂടേയോ മൊബൈല്‍ ഫോണിലൂടെയോ തുറന്നാല്‍ അതിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഉടനടി നിങ്ങളുടെ ഇമെയില്‍ വിലാസത്തില്‍ ലഭ്യമാകും.
ഫയ്‌സ്ബുക്കില്‍ ലോഗിന്‍ ചെയ്യുമ്പോള്‍ത്തന്നെ ആരെങ്കിലുമൊക്കെ ചാടി വീഴാറില്ലേ? നിങ്ങള്‍ക്ക് നൂറുകണക്കിന് സുഹൃത്തുക്കള്‍ ഉണ്ടെങ്കില്‍ പ്രത്യേകിച്ചും. ഈ അവസരത്തില്‍ ചാറ്റ് ഓഫ്‌ലൈന്‍ ആകുവാനായി ചാറ്റ് ലിസ്റ്റിലെ 'Option' ല്‍ ക്ലിക്കു ചെയ്ത് 'go offline' എന്ന ലിങ്കില്‍ ക്ലിക്കു ചെയ്താല്‍ മറ്റുള്ളവര്‍ക്ക് നിങ്ങള്‍ ഓഫ്‌ലൈന്‍ ആയിരിക്കും. ഇത് മെമ്മറിയില്‍ സൂക്ഷിക്കപ്പെടുകയും മറ്റാത്തിടത്തൊളം കാലം എപ്പോഴും ഓഫ് ലൈന്‍ ആയി ഇരിക്കുകയും ചെയ്യും.
ഫെയ്‌സ്ബുക്ക് ചാറ്റില്‍ തെരഞ്ഞെടുത്ത സുഹൃത്തുക്കള്‍ക്ക് മുന്നില്‍ മാത്രമായി ഓണ്‍ലൈന്‍ ആകാന്‍ എങ്ങനെ കഴിയും
ഇതിനായി സുഹൃത്തുക്കളുടെ ലിസ്റ്റുകള്‍ ഉണ്ടാക്കണം. ഉദാഹരണമായി Best friends, Good friends, Colleagues, Family …തുടങ്ങിയവ. ഫെയ്‌സ്ബുക്കില്‍ എങ്ങിനെ ഫ്രണ്ട്‌സ് ലിസ്റ്റ്കുകള്‍ ഉണ്ടാക്കാം എന്നു നോക്കാം. നിങ്ങളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ ലോഗിന്‍ ചെയ്തതിനു ശേഷം ഈ ലിങ്കില്‍ ക്ലിക് ചെയ്യുക
(http://www.facebook.com/friends/edit/) അപ്പോള്‍ ലഭിക്കുന്ന പേജിന്റെ മുകളിലായി വലത്തേ അറ്റത്തുള്ള 'Create List' എന്ന ബട്ടനില്‍ അമര്‍ത്തിയാല്‍ പുതിയ ലിസ്റ്റ് നിര്‍മ്മിക്കുന്നതിനായുള്ള ഒരു പോപ് അപ് വിന്‍ഡോ ദൃശ്യമാകും. ഇത്തരത്തില്‍ സുഹൃത്തുക്കളെ ഇഷ്ടാനുസരണം ഗ്രൂപ്പുകളായി തിരിച്ച് ഒന്നിലധികം ലിസ്റ്റുകള്‍ നിര്‍മ്മിക്കാനാകും.
ലിസ്റ്റുകള്‍ നിര്‍മിച്ചു കഴിഞ്ഞാല്‍ നിങ്ങളുടെ ചാറ്റ് ബോക്‌സില്‍ ഈ ലിസ്റ്റുകള്‍ കാണാന്‍ കഴിയും. ഈ ലിസ്റ്റുകള്‍ക്കു നേരെയുള്ള ചിഹ്നത്തില്‍ അമര്‍ത്തി ഒന്നോ അതിലധികമോ ഗ്രൂപ്പുകളുടെ മുന്നില്‍ ഓണ്‍ ലൈനോ ഓഫ് ലൈനോ ആകാന്‍ കഴിയും (ചിത്രം ശ്രദ്ധിക്കുക).
ഫെയ്‌സ്ബുക്ക് അക്കൗണ്ട് നീക്കം ചെയ്യുന്നതെങ്ങിനെ
ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഒരു പുലിവാലായെന്നു തോന്നുന്നുണ്ടൊ? മാത്രമല്ല വെറുതെ ഒരു നേരമ്പോക്കിനു തുറന്നു കുറച്ചുകാലം ഉപയോഗിച്ച് പിന്നീട് വെറുതെ ഇടുന്നത് ബുദ്ധിയല്ല. ഇത്തരത്തിലുള്ള ഉപയോഗിക്കാത്തെ ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ നീക്കം ചെയ്യുന്നതായിരിക്കും അഭികാമ്യം. നിങ്ങള്‍ക്ക് ആവശ്യമില്ലെങ്കില്‍ ഫെയ്‌സ്ബുക്കിനോട് വളരെ എളുപ്പത്തില്‍ താത്കാലികമായോ സ്ഥിരമായോ വിട ചൊല്ലാം.
ഇതിനായി ഫേസ്ബുക്ക് അക്കൗണ്ട് സെറ്റിംഗ് (https://www.facebook.com/editaccount.php)പേജിലെ 'Deactivate Account' എന്ന മെനുവില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ ചുവടെ കൊടുത്തിരിക്കുന്ന രീതിയിലുള്ള ഒരു പേജ് ലഭിക്കും.
അക്കൌണ്ട് നീക്കം ചെയ്യുന്നതിനു മുന്‍പായി അവസാനമായി നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് വിടവാങ്ങല്‍ സന്ദേശം അയയ്ക്കുവാനുള്ള സൗകര്യവും ഈ പേജ് ഒരുക്കുന്നു.
താത്കാലികമായി നീക്കംചെയ്യാന്‍ 'This is temproray I'll be back' എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക. ഇതിലൂടെ നിങ്ങളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് താത്കാലികമായി നീക്കം ചെയ്യപ്പെടുകയും പിന്നീട് ആവശ്യമായി തോന്നുകയാണെങ്കില്‍ പഴയ ഇമെയില്‍ വിലാസവും പാസ്‌വേഡും ഉപയോഗിച്ച് വീണ്ടും ഉപയോഗിക്കാന്‍ കഴിയുകയും ചെയ്യും
ഇനി ഒരിക്കലും അക്കൗണ്ട് ഉപയോഗിക്കാന്‍ താത്പര്യമില്ലെങ്കില്‍ അതിനനുയോജ്യമായ ഒപ്ഷനുകള്‍ തെരഞ്ഞെടുക്കുക.
ഫേസ്ബുക്കില്‍ ലോഗിന്‍ ചെയ്തതിനു ശേഷം ഈ ലിങ്കില്‍https://www.facebook.com/help/contact.php?show_form=delete_account ക്ലിക്ക് ചെയ്തും നിങ്ങളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് സ്ഥിരമായി നീക്കം ചെയ്യാവുന്നതാണ്.
ഈ അവസരത്തിലും ഉടന്‍ തന്നെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് നീക്കം ചെയ്യപ്പെടുന്നില്ല. രണ്ടാഴ്ചക്കാലത്തേക്ക് പ്രസ്തുത അക്കൗണ്ട് താത്കാലികമായി നീക്കം ചെയ്യപ്പെടുന്നു. ഇതിനിടക്ക് ഒരിക്കലെങ്കിലും അക്കൗണ്ടിലേക്ക് പ്രവേശിച്ചാല്‍ അക്കൗണ്ട് നീക്കം ചെയ്യാനുള്ള അപേക്ഷ പരാജയപ്പെടുന്നു. മാത്രമല്ല നിങ്ങള്‍ ഫെയ്‌സ്ബുക്ക് അപ്ലിക്കേഷനുകള്‍ വഴി രജിസ്റ്റര്‍ ചെയ്തിട്ടുള്ള മറ്റു വെബ്‌സൈറ്റുകള്‍ ഉപയോഗിച്ചാലും ഇത് ബാധകമാണ്. അതിനാല്‍ അക്കൗണ്ട് പൂര്‍ണ്ണമായും നീക്കം ചെയ്യുന്നതിനു മുന്‍പായി പ്രസ്തുത അപ്ലിക്കേഷനുകള്‍ ആദ്യം നീക്കം ചെയ്യുക. കൂടാതെ നിങ്ങളുടേതായുള്ള ഫോട്ടോകള്‍, വീഡീയോകള്‍, പോസ്റ്റുകള്‍, അപ്‌ഡേറ്റുകള്‍ തുടങ്ങിയവ നീക്കം ചെയ്യുന്നതും നല്ലതാണ്.
ഫെയ്‌സ്ബുക്കില്‍ നിന്നും പുറത്തുവന്നതിനു ശേഷം ബ്രൗസറിലെ കുക്കികള്‍ നീക്കം ചെയ്യുകയും വേണം. രണ്ടാഴ്ചയ്ക്കു ശേഷം ഫെയ്‌സ്ബുക്ക് അക്കൗണ്ട് പുന:സ്ഥാപിക്കാന്‍ കഴിയാനാകാത്ത വിധം നീക്കം ചെയ്യപ്പെടുന്നു. പക്ഷേ ഓര്‍മ്മിക്കുക. നിങ്ങളുടെ അക്കൗണ്ടും മറ്റു വിവരങ്ങളും ഫെയ്‌സ്ബുക്ക് തങ്ങളുടെ സെര്‍വ്വറുകളില്‍ നിന്നും നീക്കുന്നില്ല. പക്ഷേ മറ്റു ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കുന്നില്ല എന്നു മാത്രമേ ഉദ്ദേശിക്കുന്നുള്ളൂ. ഫെയ്‌സ്ബുക്കിന്റെ ഈ പോളിസി ചില വിവാദങ്ങളും ഉണ്ടാക്കാതില്ല.
ഫേസ്ബുക്ക് അക്കൌണ്ടും പ്രായപൂര്‍ത്തിയാകാത്ത ഉപയോക്താക്കളും
18 വയസ്സിനു താഴെയുള്ള ഫെയ്‌സ്ബുക്ക് ഉപയോക്താക്കളെ 'മൈനര്‍' എന്ന വിഭാഗത്തില്‍ ആണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതായത് 18 വയസ്സിനു താഴെയുള്ളവര്‍ പുതിയ ഫെയ്‌സ്ബുക്ക് അക്കൗണ്ട് തുറക്കുമ്പോള്‍ പ്രൊഫൈല്‍ ഫോട്ടോ, വയസ്സ്, ലിംഗം, നെറ്റ്‌വര്‍ക്ക് തുടങ്ങിയ അടിസ്ഥാന വിവരങ്ങള്‍ ഒഴികെയുള്ള മറ്റെല്ലാം സുഹൃത്തുക്കള്‍ക്കു മാത്രം ലഭ്യമാകുന്ന വിധത്തില്‍ ക്രമീകരിച്ചിരിക്കുന്നു. മാത്രമല്ല സേര്‍ച്ച് എഞ്ചിനുകളേയും തടഞ്ഞിരിക്കുന്നു.
18 വയസ്സു കഴിഞ്ഞ ഉടന്‍ തന്നെ ഓട്ടോമാറ്റിക്കായി ഈ നിയന്ത്രണങ്ങള്‍ മാറപ്പെടുന്നതിനാല്‍, ഈ അവസരത്തില്‍ സ്വകാര്യ ക്രമീകരണങ്ങള്‍ ആവശ്യമായ രീതിയില്‍ പുന:ക്രമീകരിക്കേണ്ടി വരും.
ഒരു രക്ഷകര്‍ത്താവെന്ന നിലയില്‍ നിലവിലുള്ള നിയമപ്രകാരം, നിങ്ങള്‍ക്ക് 13 വയസ്സിനു താഴെയുള്ള മകന്റെ/മകളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് വിവരങ്ങള്‍ ആവശ്യപ്പെടാന്‍ കഴിയും. ഇതിനായി ഈ ഫോറം പൂരിപ്പിക്കുക (http://www.facebook.com/help/contact.php?show_form=c_data_request) രക്ഷകര്‍ത്താവാണെന്നു തെളിയിക്കുന്നതിനാവശ്യമായ നിയമാനുസൃത രേഖകളുടെ പകര്‍പ്പുകളും കൂടെ സമര്‍പ്പിക്കേണ്ടതാണ്.
മരണശേഷം ഫെയ്‌സ്ബുക്ക് അക്കൗണ്ടിന് എന്തു സംഭവിക്കുന്നു
ഒരു ഫെയ്‌സ്ബുക്ക് ഉപഭോക്താവ് മരിച്ചു കഴിഞ്ഞാല്‍ ബന്ധുക്കളുടേയൊ സുഹൃത്തുക്കളുടെയോ അപേക്ഷപ്രകാരം അക്കൗണ്ട് ഫെയ്‌സ്ബുക്ക് മെമ്മറൈസ് (Memorize) ചെയ്യുന്നു. അതായത് സ്റ്റാറ്റസ് അപ്‌ഡേറ്റുകളും മറ്റു സ്വകാര്യ വിവരങ്ങളും നീക്കം ചെയ്യപ്പെടുന്നു. ആര്‍ക്കും തന്നെ പ്രസ്തുത അക്കൗണ്ട് ഉപയോഗിക്കാനാകില്ല. കൂടാതെ സൗഹൃദത്തിനായുള്ള അപേക്ഷകളും ആരില്‍ നിന്നും സ്വീകരിക്കുന്നതല്ല. എങ്കിലും അക്കൗണ്ട് ഉടമയുടെ അവസാന സ്വകാര്യ ക്രമീകരണങ്ങളനുസരിച്ച് സുഹൃത്തുക്കള്‍ക്കും മറ്റുള്ളവര്‍ക്കും ഫെയ്‌സ്ബുക്ക് ചുവരില്‍ അഭിപ്രായങ്ങള്‍ എഴുതുവാനും മറ്റും കഴിയും.
നിങ്ങളേക്കാള്‍ നിങ്ങളുടെ ശൃംഗല വളരുന്നതില്‍ താത്പര്യം ഫെയ്‌സ്ബുക്കിനാണ്
ഓര്‍ക്കുക ഫെയ്‌സ്ബുക്ക് ഇന്ന് ശതകോടികള്‍ വരുമാനമുള്ള ഒരു ആഗോള ബിസിനസ് സ്ഥാപനമാണ്. നിങ്ങളുടെ സൗഹൃദച്ചങ്ങലയില്‍ ആണ് ആ ബിസിനസിന്റെ നിലനില്‍പ്പ്. അതിനാല്‍ നിങ്ങളുടെ സൗഹൃദം വളരുന്നതില്‍ നിങ്ങളേക്കാള്‍ താത്പര്യം ഫെയ്‌സ്ബുക്കിന് തന്നെയാണ്. മാത്രമല്ല സുരക്ഷാ ക്രമീകരണങ്ങള്‍ വെറും സോഫ്ട്‌വേര്‍ കോഡുകള്‍ മാത്രമാണ്. ഏതു സമയവും വളരെ എളുപ്പത്തില്‍ മാറ്റിമറിക്കാന്‍ കഴിയുന്നവ. അതിനാല്‍ ആവശ്യമായ മുന്‍കരുതലുകള്‍ എപ്പോഴും അനിവാര്യമാണ്. നിങ്ങള്‍ നിങ്ങളുടെ സ്വകാര്യ നിമിഷങ്ങളുടെ ഫോട്ടോകള്‍ ഫെയ്‌സ്ബുക്കില്‍ സൂക്ഷിച്ചാല്‍ മാത്രമല്ലേ അത് ദുരുപയോഗം ചെയ്യാന്‍ സാദ്ധ്യതയുള്ളൂ. അതിനാല്‍ എന്തൊക്കെ ആരുമായൊക്കെ പങ്കുവയ്ക്കണം എന്ന വ്യക്തമായ ധാരണ ഉണ്ടാകേണ്ടത് വളരെ അത്യാവശ്യമാണ്.
ഫെയ്‌സ്ബുക്കിന്റെ പ്രൈവസി പോളിസി അമേരിക്കന്‍ ഭരണഘടനയേക്കാള്‍ വലുതാണ്. മാത്രമല്ല കാലോചിതമായി അവ പുതുക്കപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്നു. അതിനാല്‍ ഇടക്കിടക്ക് ഫെയ്‌സ്ബുക്ക് ഉപയോക്താക്കള്‍ തങ്ങളുടെ സ്വകാര്യതാ ക്രമീകരണങ്ങള്‍ പരിശോധിക്കേണ്ടത് വളരെ അത്യാവശ്യമാണ്
|